Monday, November 19, 2012

വിരുന്നുശാലയില്‍ നിന്ന് തല്‍സമയം

അംബാസിഡരുടെ  വിരുന്നിലെ ശ്രദ്ധാകേന്ദ്രം 
ഒരു വെജ് കാര്‍വിംഗ് ശില്പ്പമായിരുന്നു.
ഒരു ലോറി പച്ചക്കറി വേണ്ടി വന്നത്രെ
അത് മുഴുവനാക്കാന്‍ 
വഴുതനയും ചുവന്ന മുളകും പടവലവും കൊണ്ടാണ് 
കെവിന്‍ കാര്‍ട്ടറുടെ കഴുകനെ ഉണ്ടാക്കിയത് 
ഒരു പേട്ട് കുമ്പളങ്ങയും മൂന്നാല് മുരിങ്ങാക്കോലും മതിയായിരുന്നു
ആ മറ്റേ കറുത്ത കൊച്ചിനെ ഉണ്ടാക്കാന്‍ 
മുരടിച്ച കുമ്പളങ്ങയില്‍ രണ്ടു തുളയിട്ടു
തേനോലിക്കുന്ന ചെറിപ്പഴങ്ങള്‍ വച്ചാണ് 
അതിന്റെ കണ്ണുകള്‍ സൃഷ്ടിച്ചത് 
അത് നോക്കിയാണ് ഏറ്റവും അധികം ആളുകള്‍ ചിരിച്ചതും.

മദ്യം വിളമ്പാന്‍ തുടങ്ങിയപ്പോഴാണ് 
അത് അംബാസിഡരുടെ ഭാര്യയുടെ കണ്ണില്‍ പെട്ടത് 
കൊച്ചിന്റെ പേട്ട് തലയിലെ തുളയില്‍ 
മെലിഞ്ഞു വയറോട്ടിയ ഒരു കറുത്ത പുഴു !
അലറിവിളിച്ചു ഓക്കാനിച്ചു വാ പൊത്തി 
ഓരോട്ടമായിരുന്നു ബാത്രൂമിലേക്ക്.
ചുവന്നു വന്ന അംബാസിഡരുടെ മൂക്കിന്‍ തുമ്പ്‌ 
പഴയ കടലാസു വെള്ളയാകും മുന്‍പ്‌ 
മൂന്നു സേനാ വിഭാഗവും സ്ഥലത്തെത്തി .
വെട്ടി ചിതറിച്ച കെട്ട കുമ്പളങ്ങത്തലച്ചോറില്‍
കാല്‍മുട്ടില്‍ കുംപിട്ടിരുന്നു 
അവര്‍ പരതിക്കൊണ്ടിരുന്നു.
ഒടുവില്‍ കരസേനാ മേധാവിക്കാന് അതിനെ കിട്ടിയത്.
ഒരു ചെറിയ കഷണം കുമ്പളങ്ങയുടെ നീര് വലിച്ചു കുടിക്കാന്‍ 
ശ്രമിക്കുകയായിരുന്നു അപ്പോഴത്.
ഗ്ലൌസിട്ടു അയാളതിനെ പൊക്കി കാണിച്ചു.\
പിന്നെ നിലത്തിട്ടു ഒരു ചവിട്ട് 
ചീറ്റിപരന്ന ചോര കണ്ടു പല വിശിഷ്ടാതിഥികളും വാ പൊളിച്ചു.
ആദ്യമായിട്ടായിരുന്നു അവരില്‍ പലരും 
ചുവന്ന ചോരയുള്ള ഒരു പുഴുവിനെ കാണുന്നത് !

പ്രധാനമന്ത്രിയുടെ ദേഹത്ത് വീണ ചോരതുള്ളി ആണ്
ആദ്യമൊരു ചുവന്ന പുഴുവായി മാറിയത് 
പിന്നെ കാണെക്കാണെ അത് നീണ്ടു തടിച്ചു.
തൂത്തെറിയാന്‍ കഴിയും മുന്‍പ്‌ തന്നെ 
അയാളുടെ കഴുത്തിലെ ഒരു കഷണം മാംസം 
കടിച്ചു പറിച്ചു അത് ചവയ്ക്കാന്‍ തുടങ്ങിയിരുന്നു.
ജ്യോമെട്രിക് പ്രോഗ്രഷന്‍ അനുപാതത്തിലാണ് 
ചുവന്ന പുഴുക്കള്‍ പെരുകിയത് 
നിലവിളികളും.

പടിഞ്ഞാറോട്ട് ഇരച്ചു നീങ്ങുന്ന ചുവന്ന വരകളുടെ 
ഉപഗ്രഹ ചിത്രവുമായാണ് പിറ്റേന്ന് പത്രങ്ങളിറങ്ങിയത് 


Wednesday, September 19, 2012

ഭ്രാന്ത്‌ ഒരു പകര്‍ച്ചവ്യാധി ആയിരുന്നെങ്കില്‍

പുകതുപ്പി , മുരണ്ടു
യന്ത്രക്കാള പോയ വഴിയില്‍
ചിതറിക്കിടക്കുന്നു കുറെ
കുളക്കോഴി മുട്ടകള്‍
മാന്തിയിട്ടും മണ്ണിട്ട്‌ മൂടിയിട്ടും
മായുന്നില്ല
അമ്മിണിയുടെ കുളമ്പുകളും
അപ്പുണ്ണിയെട്ടന്റെ വെറുംകാല്‍പ്പാടുകളും.
ആള്പൊക്കത്തില്‍ കെട്ടിയ ടാര്‍ റോഡിന്റെ അടിയില്‍ നിന്ന്
ഭ്രാന്തന്‍ ഗോപാലന്‍ കേള്‍ക്കാറുണ്ടത്രേ
തല തല്ലിക്കരയുന്ന വരമ്പുകളുടെ തേങ്ങല്‍
നെറ്റ്യാപ്പോട്ടന്റെ പിടച്ചില്‍
ചെതലക്കിളികളുടെ ഊയാരം
പനമ്പട്ടയില്‍ കാറ്റ് പിടിക്കുന്നത്‌
ഉണ്ണിക്ക് ചെങ്കണ്ണുണ്ടാക്കാന്‍ പൂത്ത
മുരിക്കിന്‍ പോട്ടില്‍
കൂമന്‍ ഒന്ന് മൂളുന്നതും
കൂമത്തി രണ്ടു മൂളുന്നതും
ഇക്കരെ ആരെയോ തെക്കൊട്ടെടുക്കാന്‍
അക്കരെയൊരു നെടൂളാന്‍നീട്ടിക്കൂവുന്നതും
വയലിനൊത്ത നടുക്കെ കുനിയില്‍
വയറു നിറഞ്ഞ കുറുക്കന്‍ കൂക്കി വിളിക്കുന്നത്
വിത്ത്‌ തിന്നുമരിപ്രാക്കളെയാട്ടാന്‍
വെളിച്ചമെത്തും മുന്പിറങ്ങുന്ന കല്യാണിയമ്മ
പാട്ട് പാടുന്നത്
ആകാശത്തെ പിളര്‍ത്തി
ഇടവഴികളെ ഞെരിച്ച് വിജയെട്ടന്‍
ഇങ്കിലാബും സിന്ദാബാദും വിളിക്കുന്നത്
ഭ്രാന്ത്‌ !
അതൊരു പകര്‍ച്ച വ്യാധി ആയിരുന്നെങ്കില്‍ !

Monday, May 21, 2012

വിട

സഖി,
മുടിയഴിച്ചിട്ടു ആര്‍ത്തലച്ചു പെയ്ത ശേഷം
നിന്റെ ഇരുണ്ട ദേഹത്ത് കദമ്പപ്പൂക്കള്‍ വിരിയുമ്പോള്‍
ഒരു കുഞ്ഞായി, ഞാന്‍ വീണ്ടും  വരും.
നീ എന്നെ ചേര്‍ത്ത് പിടിക്കണം,
മുല തരണം,
ഉറക്കം വരാത്ത രാത്രികളില്‍
ചാണകത്തിന്റെ ഗന്ധം പേറുന്ന കാറ്റിനെ അയചെന്നെ
ഓര്‍മ്മകളില്‍ നനയ്ക്കണം.
എന്നും രാവിലെ പാണി കൊട്ടി ഉണര്‍ത്തണം
കഴിഞ്ഞ തവണ വാക്ക് തന്ന പോലെ ഇന്ന് ബസ്സ് കയറുമ്പോള്‍
ഞാന്‍ എന്റെ കണ്ണുകള്‍ നനയ്ക്കില്ല.
കാടിന്റെ പച്ചയില്‍ ഒരു മഞ്ഞപ്പോട്ടു പോലെ
എന്റെ ബസ്സ് അലിഞ്ഞു ചേരുമ്പോള്‍
മുത്താറി ഉണക്കാന്‍ ഇട്ട റോഡരികില്‍ നിന്ന്
നീയെന്നെ കൈ വീശി കാണിക്കണം..
ഞാന്‍ നോക്കിയിരിക്കും.
വിട.

Friday, March 9, 2012

വാനപ്രസ്ഥം

മഴക്കാലത്തെ ഒരു ദിവസം പോലെ
ജീവിതം.
കാലിന്റെ തള്ളവിരല്‍ ഊമ്പി
എട്ടും പൊട്ടും തിരിയാത്ത പ്രഭാതം.
കാമം കത്തിയെരിയുന്ന ഉച്ച
വിശപ്പിന്റെ ക്ഷുഭിതയൌവനമാണ്..

മടക്കയാത്രയിലെ ഇടത്താവളം
സായാഹ്നം.
കാര്‍ പോര്ച്ചോ, തോഴുത്തോ
വലിച്ചെറിയപ്പെട്ട സ്വപ്നങ്ങളുടെ
സൂക്ഷിപ്പ്‌ പുരകള്‍ ആകാം.

കണ്ണില്ലാത്തവന് ഇടി മുഴക്കതിന്റെ
സംഗീതവും
കാതില്ലാത്തവന് മിന്നല്‍ പിണരിന്റെ
നീല മഞ്ഞചിത്രങ്ങളും
കണ്ണും കാതും ഇല്ലാത്തവന്റെ
മുടിയില്‍ കൊണ്ടുവന്നു അമ്മയെപ്പോലെ തലോടുന്നത്
രാത്രിമഴയുടെ ഔദാര്യമാണ്..

Monday, June 13, 2011

മഴ


എന്റെ കൂരയ്ക്ക്‌ താഴെ
ചാണകത്തറയില്‍
പോളിഞ്ഞടര്‍ന്ന ഇരുത്തിയില്‍
മഴ എന്നെ നനച്ചിരുന്നു.
രണ്ടു തവണ കൈ ഒടിഞ്ഞ്‌
......തൈലത്തിന്റെ കുപ്പിയും, തുണിയും പേറി
ഉഴിയാന്‍ പോയതും
പെരുമഴയത്തായിരുന്നു..
എവിടുന്നോ കടം വാങ്ങിയ കുട
മൂന്നാമത്തെ തവണ മറന്നു വച്ചതും,
പറമ്പിലെ ചേമ്പിന്‍ താളും മുരിങ്ങയും
തീര്‍ന്നതിനാല്‍,
പച്ച മുളക്‌ അമ്മിയില്‍ ചതച്ച്‌ ചോറുണ്ടതും,
ചക്കക്കുരു ചുട്ട്‌ ചിരിയും,കലമ്പലും കൂട്ടി
അതിലെ വിറ്റാമിനെ പുകഴ്ത്തി
സ്കൂളിലേക്ക്‌ പോയതും,
മഴയത്തായിരുന്നു..
കഥ പറയുന്ന നാട്ടിലെ വല്യമ്മയെ മണ്ണു തിന്നതും,
ഉമ്മവച്ചുറക്കിയ വയനാട്ടിലെ വല്യമ്മയെ തീ തിന്നതും
മഴക്കാലത്തായിരുന്നു..
ശരീരത്തിന്റെ മണമുള്ള പ്രണയം
തീവണ്ടി കയറിപ്പോയതും
ശബ്ദങ്ങളുടെ മരത്തിലെ കുറേ കിളികള്‍
എവിടേക്കോ പറന്ന് പോയതും,
നെറികേട്‌ കാട്ടിയ കാലം
മുതുകില്‍ ചവുട്ടി തെരുവില്‍ തള്ളിയതും
മഴയിലായിരുന്നു.
എന്നിട്ടും മഴ എന്റെ ജീവനാണു !
എനിക്ക്‌ ഒരു വേഴാമ്പലെങ്കിലും ആയാല്‍ മതി.

Friday, April 1, 2011

അന്ത്യ കൂദാശ..

എന്റെ അടുക്കളയില്‍
കുറേ എറുമ്പുകള്‍ പട്ടിണി കിടന്നു ചത്തു..
.ഈ പാപങ്ങള്‍ എല്ലാം ഞാന്‍ എവിടെ കൊണ്ട്‌ കഴുകും..??